10:59am 05 August 2026
NEWS
കനത്ത മഴ; 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി; കേരള സർവകലാശാല പരീക്ഷകളും മാറ്റിവച്ചു
05/08/2026  05:57 AM IST
nila
കനത്ത മഴ; 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി; കേരള സർവകലാശാല പരീക്ഷകളും മാറ്റിവച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ. മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച (ഓഗസ്റ്റ് 5) അവധി പ്രഖ്യാപിച്ചു. കോഴിക്കോട്, എറണാകുളം, തൃശൂർ, കണ്ണൂർ, കോട്ടയം, പത്തനംതിട്ട, കാസർകോട്, ആലപ്പുഴ, ഇടുക്കി, വയനാട് ജില്ലകളിലാണ് അവധി. കേരള സർവകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ തിയറി, പ്രാക്ടിക്കൽ, വൈവാ വോസി പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ പരീക്ഷാ തീയതി പിന്നീട് അറിയിക്കുമെന്ന് സർവകലാശാല അറിയിച്ചു. പഠന വകുപ്പുകൾ നേരിട്ട് നടത്തുന്ന പരീക്ഷകൾക്ക് മാറ്റമില്ല.

9 ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന മുന്നറിയിപ്പിനെ തുടർന്ന് ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

വ്യാഴാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട് തുടരും. ഇന്ന് തിരുവനന്തപുരം, കൊല്ലം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലും വ്യാഴാഴ്ച തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും യെല്ലോ അലർട്ട് നിലവിലുണ്ട്.

മഴക്കെടുതി രൂക്ഷം; മരണം 27 ആയി

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമാകുന്നതിനിടെ മരണസംഖ്യ 27 ആയി ഉയർന്നു. നാലുപേരെ ഇപ്പോഴും കാണാതായിട്ടുണ്ട്. വിവിധ ജില്ലകളിലായി പ്രവർത്തിക്കുന്ന 418 ദുരിതാശ്വാസ ക്യാംപുകളിലായി 18,434 പേരാണ് കഴിയുന്നത്.

മഴയിൽ 52 വീടുകൾ പൂർണമായും തകർന്നതോടൊപ്പം 555 വീടുകൾക്ക് ഭാഗിക നാശനഷ്ടവും സംഭവിച്ചിട്ടുണ്ട്. ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത് കോട്ടയം ജില്ലയിലാണ്. ജില്ലയിൽ അഞ്ച് മരണങ്ങളാണ് സ്ഥിരീകരിച്ചത്.

കനത്ത മഴ തുടരാൻ സാധ്യതയുള്ളതിനാൽ ജലാശയങ്ങൾ, മലമ്പ്രദേശങ്ങൾ, ഉരുൾപൊട്ടൽ സാധ്യതയുള്ള മേഖലകൾ എന്നിവിടങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും ഔദ്യോഗിക നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img